ഒരു കലാപത്തിൽ തുടങ്ങിയ പ്രൈഡ് കഥ
പ്രണയത്തിന്റെയും സ്വത്വബോധത്തിന്റെയും ആഘോഷമായി ഓരോ പ്രൈഡ് മാസവും കടന്നു പോകുമ്പോൾ, കാലതിവർത്തിയായി പുരുഷാധികാര കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുന്ന നിർമ്മിതികളെ പൊളിച്ചെഴുതാനുള്ള ആഹ്വാനമായി അത് മാറുമ്പോൾ, ഒരു കലാപത്തിൽ തുടങ്ങി ലോകത്തിന്റെ ഓരോ കോണിലും നരകയാതന അനുഭവിച്ച് ജീവിച്ചു മരിച്ച വിപ്ലവകാരികൾക്കുള്ള ബഹുമാന സൂചകം കൂടിയാവുകയാണ് സമകാലിക ക്വീർ പ്രവർത്തനങ്ങൾ. പ്രതിഷേധങ്ങൾ അടിച്ചമർത്തുകയും, ശബ്‌ദിക്കുന്നവരുടെ ശബ്ദമില്ലാതാക്കുകയും ചെയ്യുന്ന കാലത്ത് ആത്മാഭിമാനത്തിനും തുല്യതക്കും വേണ്ടി ഒരു ചെറിയ കൂട്ടം പ്രതികരിക്കുകയും നിമിഷ നേരം കൊണ്ട് ആ കൂട്ടം ഒരു മഹാസാഗരമായി ഒരു തെരുവിനെ മാറ്റൊലിക്കൊള്ളിക്കുകയും ചെയ്തിടത്തുനിന്ന് തുടങ്ങുകയാണ് ആ ചരിത്രം. ദി സ്റ്റോൺ വാൾ എന്ന ന്യൂയോർക്ക് സിറ്റിയിലെ ക്ലബ്ബിൽ നിന്നും ആരംഭിച്ച ഒരു കലാപത്തിന്റെ കഥ.
1960-കാലഘട്ടങ്ങളിൽ അമേരിക്കൻ ജനതക്കിടയിൽ കടുത്ത ഹോമോഫോബിയ നിലനിന്നിരുന്നു. അമേരിക്കൻ നിയമവ്യവസ്ഥപോലും ക്വീർ മനുഷ്യരെ വേട്ടയാടുകയും ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കുകയും ചെയ്ത് പോന്നു. ലൈംഗിക സ്വത്വം കണ്ടെത്താനോ പ്രകടിപ്പിക്കാനോ മനുഷ്യർക്ക് സാധ്യമല്ലാതിരുന്ന കാലം. മുൻപിൽ കണ്ടു കിട്ടുന്ന സ്വവർഗാനുരാഗിയെയോ ക്രോസ്സ് ഡ്രെസ്സറെയോ നിയമത്തിന്റെ കൂട്ടുപിടിച്ച് പോലീസ് നിഷ്ഠൂരം ദ്രോഹിച്ചു. വെറുപ്പിന്റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു ഓരോ ക്വീർ മനുഷ്യനും പോലീസിൽ കണ്ടത്. സ്വവർഗാനുരാഗം ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുകയും, പിടിക്കപ്പെട്ട മനുഷ്യർക്ക് ഭീമമായ തുക പിഴ ചുമത്തി തടവിന് വിധിക്കുകയും ചെയ്തുവന്ന ന്യൂയോർക്ക് നഗരം.
സ്വവർഗാനുരാഗികളെ പൊതു ഇടങ്ങളിൽ കാണുന്നതുപോലും അപകടമായിരുന്ന കാലത്താണ് ന്യൂയോർക്കിൽ ഒരു ഓപ്പൺ ഗേ ബാർ പ്രവർത്തിച്ചു വന്നത്. ഒത്തുകൂടാനും, പൊതു ഇടങ്ങളിൽ ഒന്നിച്ചിരിക്കാനും ഉതകുന്ന സ്ഥലമായി മാറി ‘സ്റ്റോൺ വാൾ ഇൻ’ എന്ന ക്ലബ്. എന്നാൽ അപകടം അവിടെയുമുണ്ടായിരുന്നു. 1969 – കളോടെ സ്റ്റോൺ വാൾ ക്ലബ്ബിൽ ഉണ്ടായിവന്ന മാഫിയ ഇവരുടെ സാഹചര്യങ്ങളെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. സാധാരണയിലും ഉയർന്ന നിരക്ക് അവരിൽ നിന്നും ഈടാക്കുകയും, വിസമ്മതിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണികളുയർത്തുകയും ചെയ്തു. ഭയം മൂലം അതിനെല്ലാം സമ്മതിക്കുകയും അവരുടെ നിബന്ധനകൾ അംഗീകരിക്കുകയും ചെയ്യേണ്ടി വന്നു ഉപഭോക്താക്കൾക്ക്. ഭീമമായ തുക നൽകിയിട്ടും അവഹേളനയും ഭീഷണിയും നേരിടുന്ന സാഹചര്യമായിരുന്നു സ്റ്റോൺ വാളിൽ. ഇതിനു പുറമെ പലപ്പോഴായും തങ്ങളുടെ കസ്റ്റമേഴ്സിനെ അവർ പോലീസിന് ഒറ്റിക്കൊടുക്കുകയും ചെയ്തിരുന്നു.
1969 ജൂൺ 28 ന് സ്റ്റോൺ വാൾ റെയിഡ് ചെയ്യാനായി ഒൻപത് പോലീസുകാർ ക്ലബ്ബിലെത്തി. അവിടെയുണ്ടായിരുന്ന തൊഴിലാളികളെയടക്കം കൈകാര്യം ചെയ്യുകയും കൂട്ടമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ അവിടെയുണ്ടായിരുന്ന മനുഷ്യർ ഒത്തുകൂടി ഒന്നടങ്കം പൊലീസുകാരെ തടയുകയും തിരികെ ആക്രമിക്കാൻ ആരംഭിക്കുകയും ചെയ്തു. ചെറുത്ത് നിൽപ്പ് സാധ്യമല്ലാതിരുന്ന ആ ഒൻപത് പോലീസുകാരും ആത്മരക്ഷാർഥം ക്ലബ്ബിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതിഷേധക്കാർ ക്ലബ്ബിന് തീയിട്ടു.
അക്രമാസക്തമായ സംഭവങ്ങൾക്ക് ശേഷം സ്വവർഗാനുരാഗികളുടെ ഒരു വലിയ കൂട്ടം സ്റ്റോൺ വാൾ ക്ലബ്ബിന് മുന്നിൽ തടിച്ചു കൂടി. അവർ അവരുടെ സാഹചര്യങ്ങളെ കുറിച്ച് പൊതു മധ്യത്തിൽ ഉറക്കെ സംസാരിച്ചു. നേരിടുന്ന അക്രമങ്ങളെക്കുറിച്ചും, നീതിനിഷേധങ്ങളെക്കുറിച്ചും വാചാലരായി. ആദ്യമായി പൊതുമധ്യത്തിൽ സ്വവർഗാനുരാഗികളുടെ ഒരു സംഘടന രൂപം കൊണ്ടു. ഒന്നിച്ച് നേരിട്ട അനീതികൾക്കെതിരേ അവർ ഒരൊറ്റ ശബ്ദമായി മാറി.
തുടർന്നുള്ള ദിവസങ്ങളിൽ അവർ ഒത്തുകൂടിയത് ഒരു സംഘടനയുടെ തണലിൽ ആയിരുന്നു. മോഡേൺ ഗേ ലിബറേഷൻ മൂവ്മെന്റിന് അവിടെ ആരംഭമായിരുന്നു. ഗേ ലിബറേഷൻ ഫ്രണ്ട് എന്ന പേരിൽ ലോകത്ത് ആദ്യമായി സ്വവർഗാനുരാഗികളുടെ തുല്യതക്ക് വേണ്ടി ശബ്ദമുയർത്തുന്ന സംഘടനയുണ്ടായി. പിന്നീടുള്ള തുല്യ നീതി പ്രവർത്തനങ്ങൾക്ക് ആ സംഘടന നേതൃത്വം നൽകി. അടുത്ത വർഷം അതേ ദിവസം അവർ വീണ്ടും സ്റ്റോൺ ഹാളിന് മുന്നിൽ ഒത്തുകൂടി. അന്ന് നടന്ന കലാപത്തെ അനുസ്മരിച്ചുകൊണ്ട് ആദ്യ ഗേ പ്രൈഡ് പരേഡ് ന്യൂയോർക്ക് സിറ്റിയിൽ ആവേശത്തോടെ നടന്നു. ബൈനറികൾക്ക് പുറത്ത് നിന്നുകൊണ്ട് പാട്രിയാർക്കിയുടെ നിർമ്മിതികളെ ചോദ്യം ചെയ്തും, ആർപ്പുവിളിച്ചും ലോകമെങ്ങും വർഷം തോറും പരേഡുകൾ തുടർന്ന് പോന്നു. സ്റ്റോൺ വാളിൽ ആരംഭിച്ച് ഇന്ന് കൊച്ചു കേരളത്തിൽ പോലും ഏറ്റവും വർണ്ണാഭമായി നടന്നു വരുന്ന ആഘോഷമായി മാറി പ്രൈഡ് മാർച്ച്. പ്രണയത്തിന്റെയും പ്രതിഷേധത്തിന്റെയും ഒത്തുകൂടലുകളായി അവയോരോന്നും. 2016 ജൂൺ 24 -ന് സ്റ്റോൺ വാൾ കലാപത്തെ ആദരിച്ചുകൊണ്ട് പ്രസിഡന്റ് ഒബാമ ക്ലബ്ബിന് മുൻപിൽ ഗേ ചരിത്രത്തിലെ ആദ്യ ദേശീയ സ്മാരകം സ്ഥാപിച്ചു
ഇന്നും ലോകം LGBTQIA + കമ്മ്യൂണിറ്റിയോട് കാണിക്കുന്ന മനോഭാവത്തിന് വലിയ മാറ്റങ്ങളില്ല. എല്ലാ മനുഷ്യരും തുല്യരാണെന്ന് കരുതിക്കൊണ്ട് ഇവിടെ ഒരു സിസ്റ്റവും പ്രവർത്തിച്ച് ശീലിച്ചിട്ടില്ല. നിരന്തരം ക്വീർഫോബിക് സംഭവങ്ങൾ അരങ്ങറുന്ന അതേ സമൂഹത്തിൽ തന്നെയാണ് നമ്മളിന്നും ജീവിക്കുന്നത്.
എങ്കിലും, സ്വത്വത്തെ മറച്ചുവെച്ച് ജീവിച്ച് വണ്ണിയത് നിന്നും, സമൂഹത്തിന്റെ വിവിധ ക്ലാസ്സുകളിലും സെക്ടറുകളിലും നിന്നുമുള്ള മനുഷ്യർ ഇന്ന് അവരുടെ പ്രതിസന്ധികളെ തുറന്നു കാട്ടി മുൻപോട്ട് വരുന്നുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ അനുഭവിക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ളവരാണ് അവർ .
എങ്കിലും, സ്വന്തം സ്വത്വത്തെ മറച്ചു വെച്ച് ജീവിക്കേണ്ടി വന്നിടത്ത് നിന്നും ഇന്ന് സമൂഹത്തിന്റെ ഓരോ തലങ്ങളിലും ക്ലാസ്സുകളിലും പെട്ട മനുഷ്യർ അവരുടെ പ്രതിസന്ധികളെ തുറന്നു കാണിച്ച് മുൻപോട്ട് വരുന്നുണ്ട്. ഒരു മനുഷ്യനെന്ന നിലയിൽ ഈ ലോകത്ത് അനുഭവിക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ചും, അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ള മനുഷ്യർ. നിയമങ്ങൾ തിരുത്തേണ്ടതാണെന്ന് അവർ ഉച്ചത്തിൽ തന്നെ വിളിച്ചു പറയുന്നുണ്ട്. മാറ്റങ്ങൾ തുടരുന്നുമുണ്ട്. തെരുവിൽ വലിച്ചിഴക്കപ്പെട്ട, സ്വാഭിമാനം നഷ്ട്ടപ്പെട്ട ചുരുക്കം ചില മനുഷ്യരിൽ നിന്നുമാണ് ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് മനുഷ്യർക്ക് കലഹിക്കാനുള്ള ഊർജ്ജമുണ്ടാവുന്നത്. അവരും തെരുവുകളിലേക്കിറങ്ങുന്നത്. നിയമത്തിന്റെ യാതൊരു പിൻബലവുമില്ലാതിരുന്ന, ഇഷ്ടവസ്ത്രങ്ങളും പ്രണയവും അന്യവത്കരിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യർ ശബ്ദമുയർത്താനും കലഹിക്കാനും അതുവഴി അവകാശങ്ങൾ നേടിയെടുക്കാനും ലോകജനതയെ പഠിപ്പിച്ച ചരിത്രമാണ് സ്റ്റോൺ വാൾ കലാപം. ഗേ മനുഷ്യരും എയ്ഡ്സ് രോഗികളും ചേർന്ന് നേടിയെടുത്ത അവകാശങ്ങളുടെ സമരചരിത്രം
Chandra Swasthi
The Younion Entertainments
One thought on “ഒരു കലാപത്തിൽ തുടങ്ങിയ പ്രൈഡ് കഥ”
Good