എഫ് എ കപ്പ് നേടി സിറ്റി, ട്രിപ്പ്ലേറ്റ് കയ്യെത്തും ദൂരത്ത്
വെംബ്ലിയിൽ ഇന്നലെ നടന്ന എഫ് എ കപ്പ് കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-1 എന്ന സ്കോറിൽ മാഞ്ചസ്റ്റർ യുണൈറ്റിഡിനെ പരാജയപ്പെടുത്തി.ഈ വിജയത്തോട് കൂടി ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് ഈ സീസണ്ണിൽ രണ്ട് കപ്പ് സ്വന്തമായി. നിലവിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ സിറ്റിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഒരു സീസ്സണ്ണിൽ മൂന്നു മേജർ കപ്പുകൾ നേടുന്ന ടീമെന്ന റിക്കോർഡിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുന്നു.
കളി തുടങ്ങി ആദ്യ മിനുറ്റിനുള്ളിൽ തന്നെ ഗുണ്ടോഗൻ നേടിയ ഗോളിൽ സിറ്റി യുണൈറ്റഡിനെ ഞെട്ടിച്ചിരുന്നു.എന്നാൽ ആദ്യ ഇരുപത് മിനുറ്റിന് ശേഷം ചിട്ടയായ ഡിഫൻസിൽ യുണൈറ്റഡ് സിറ്റിയെ കൂടുതൽ ഗോളുകൾ നേടാതെ തടഞ്ഞു.
ജാക്ക് ഗ്രീലിഷിൻ്റെ ഹാൻഡ് ബോളിൽ
വി എ ആർ വിധിച്ച യുണൈറ്റഡ് അനുകൂല പെനാലിറ്റിയിൽ ബ്രൂണൊ ഫെർണാണ്ടസ് വല കുലുക്കിയതോടെ സ്കോർ സമനിലയായി.രണ്ടാം പകുതിയിൽ 51 ആം മിനുറ്റിൽ ഡിബ്രൂണിയുടെ ഫ്രീ കിക്കിൽ ഗുണ്ടോഗന് സിറ്റിയുടെ ലീഡ് ഉയർത്തുകയായിരുന്നു.കളിയുടെ അവസാന പതിനഞ്ച് മിനുറ്റിൽ ഗോൾ നേടാൻ വേണ്ടി യുണൈറ്റഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും, കൃത്യമായ പാസ്സിംഗികളിലൂടെ പൊസ്സഷൻ നിലനിർത്തിയ പെപ്പിൻ്റെ സിറ്റി ആ ശ്രമങ്ങൾ വിഫലമാക്കിയതോടെ ജയം സ്വന്തമാക്കി.
എറിക് ടെൻ ഹാഗിൻ്റെ കീഴിൽ ഇഎഫ്എൽ കപ്പ് സ്വന്തമാക്കിയ യുണൈറ്റഡ് നിലവിൽ ലീഗിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.മാഞ്ചസ്റ്റർ സിറ്റിയാകട്ടെ നിലവിൽ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫോമിലും. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇൻ്റർ മിലാനാണ് സിറ്റിയുടെ എതിരാളികൾ,ജൂൺ പതിനൊന്ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 നാണ് മത്സരം