തിയേറ്ററുകൾ അടച്ചിടില്ല, സംയുക്ത യോഗത്തിലും പങ്കെടുക്കില്ല; ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ 2018 പ്രദർശിപ്പിക്കും : ലിബർട്ടി ബഷീർ
2018 എവെരി വൺ ഈസ് എ ഹീറോ എന്ന ചിത്രത്തിന്റെ ഓ ടി ടി റിലീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഫിയോക്ക് പ്രഖ്യാപിച്ച തിയേറ്ററുകൾ അടച്ചിട്ടുള്ള സമരത്തിൽ എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകൾ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ.
നാളെ തിയേറ്ററുകളിൽ 2018 പ്രദർശിപ്പിക്കുമെന്നും, ഫിയോക്ക് വിളിച്ചുചേർക്കുന്ന സംയുക്ത യോഗത്തിൽ പങ്കെടുക്കില്ലെന്നും ഫെഡറേഷൻ പ്രസിഡന്റ് ദി യൂണിയനോട് പ്രതികരിച്ചു. തിയേറ്ററുകളിൽ വിജയകരമായി ചിത്രം പ്രദർശനം തുടരവേ ജൂൺ 7 ന് ഓ.ടി.ടി റിലീസിന് ഒരുങ്ങുന്നതിനെതിരെയാണ് പ്രതിഷേധം.
തിയേറ്റർ സമരത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഫിയോക്ക് ഇന്ന് വൈകീട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സും അടങ്ങുന്ന സംയുക്ത യോഗം വിളിച്ചിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി. 2018 എവെരി വൺ ഈസ് എ ഹീറോയും പാച്ചുവും അത്ഭുതവിളക്കും കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമകൾ ആയതുകൊണ്ട് തന്നെ അതിന് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടെന്നും, സാഹചര്യം പരിഗണിച്ച് തീയതി നീട്ടുകയായിരുന്നുവെന്നും, അതിനാൽ സമരത്തിന് തയ്യാറല്ലെന്നും ലിബർട്ടി ബഷീർ പ്രതികരിച്ചു. ഫെഡറേഷന് കീഴിലുള്ള എല്ലാ തിയേറ്ററുകളിലും നാളെ ചിത്രം പ്രദർശിപ്പിക്കും.
പ്രസ്തുത സിനിമകൾ കോവിഡ് കാലത്ത് ചിത്രീകരിച്ചതായതിനാൽ 35 ദിവസത്തെ തിയേറ്റർ പ്രദർശന കാലാവധിക്ക് ശേഷം ഓ.ടി.ടിയിൽ റിലീസിന് അനുമതി നൽകിയിരുന്നു. എന്നാൽ, തിയേറ്ററിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിൽ 45 ദിവസത്തേക്ക് കാലാവധി നീട്ടേണ്ടതുണ്ട് എന്ന ആവശ്യവുമായാണ് തിയേറ്റർ ഉടമകൾ മുന്നോട്ട് വരുന്നത്. ‘പാച്ചുവും അത്ഭുതവിളക്കും’ തിയേറ്ററിൽ പ്രദർശനം തുടരവേ തന്നെ ഓ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോൾ 2018 എന്ന ചിത്രവും ഓ.ടി.ടി യിൽ റിലീസ് ചെയ്യുന്നതിനെതിരെയാണ് തീയേറ്റർ ഉടമകൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ‘2018 എവെരി വൺ ഈസ് എ ഹീറോ’ എന്ന ചിത്രം 200 കോടി ക്ലബ്ബിലെത്താതെ പോകുന്നതിനു കാരണം ഓ.ടി.ടി റിലീസ് ആണെന്നും ഫിയോക്ക് പ്രസിഡന്റ് കെ വിജയകുമാർ പ്രതികരിച്ചിരുന്നു.