നടൻ കൊല്ലം സുധിക് യാത്രാമൊഴി നൽകി സിനിമാലോകം
ഷൈൻ നിഗം
ആദരാഞ്ജലികൾ സുധിചേട്ടാ നിഷ്കളങ്കമായ ഹൃദയത്തിനുടമയാണ് നിങ്ങൾ
ഉല്ലാസ് പന്തളം (ആക്ടർ)
എന്താണ് പറയേണ്ടതെന്നറിയില്ല. രാവിലെ എഴുന്നേറ്റത് തന്നെ ഈ വാർത്ത കേട്ടാണ്.
സ്വന്തമായൊരു വീടെന്ന സ്വപനം ബാക്കിയാക്കിയാണ് സുധി വിടപറഞ്ഞത്.
ടിനി ടോം (ആക്ടർ)
പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണമെന്ന് അത് ഇങ്ങനെ ഇടാനാണോ നീ അയച്ചുതന്നത് സുധി!
ഗോകുലം ഗോപാലൻ (നിർമ്മാതാവ് )
സുധി, ഇത് വിശ്വസിക്കാൻ പ്രയാസം…
എങ്ങനെയാണ് നിനക്ക് യാത്രാമൊഴി പറയേണ്ടത്! സ്റ്റേജിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു അതിന്റെ ഹർഷാരവം നിലയ്ക്കും മുന്നേ നീ കരയിപ്പിച്ചു കളഞ്ഞു.
സുനീഷ്‌വാരനാട് (റൈറ്റർ)
‘ചിരി’യുടെ പിന്നാമ്പുറത്തെ കണ്ണീർകഥകൾ ഞങ്ങളുടെ ‘കട്ടപ്പനയിലെ ഹൃതിക് റോഷനി’ലെ “ഞാനെന്തിനാണിനി എക്സ്പ്രഷനീട്ട് ചാവുന്നത്” എന്ന ഒറ്റ ഡയലോഗ് ഡെലിവറിയിലുണ്ട് സുധിയുടെ പ്രതിഭാസ്പർശം. തീയേറ്ററുകളിൽ ഏറെ ചിരിയുണ്ടാക്കിയ രംഗമായിരുന്നു അത്. എന്റെ ‘മോഹൻലാലി’ൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷൂട്ടിങ്ങിനായി രണ്ട് തവണ വന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആ കഥാപാത്രം ചെയ്യാൻ സുധിക്ക് സാധിച്ചില്ല. അതിന്റെ സങ്കടം കാണുമ്പഴൊക്കെ പങ്ക് വെക്കുമായിരുന്നു. തമ്മിൽ കാണുമ്പോൾ സ്നേഹത്തോടെ നിഷ്കളങ്കമായി സുധി നീട്ടി വിളിക്കും ‘അണ്ണാ’… ആ വിളി ഇനിയില്ല എന്നോർക്കുമ്പോൾ മനസ്സ് വിങ്ങുന്നു… എക്സ്പ്രഷനുകളില്ലാത്ത ലോകത്തേക്ക് മടങ്ങിയ പ്രിയ കൂട്ടുകാരന്, സഹപ്രവർത്തകന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.
ലക്ഷ്മി നക്ഷത്ര (അവതാരിക)
എന്റെ സുധി ചേട്ടാ, എന്തിനാ ഞങ്ങളെ വിട്ട് ഇത്രേം വേഗം പോയത് ? സ്വന്തം ചേട്ടനായിരുന്നു… ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടൊള്ളു!
നോബി മാർക്കോസ് (ആക്ടർ)
ചെയ്യാൻ വേഷങ്ങൾ ഒരുപാട് ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദനയും നൽകി എന്റെ അണ്ണൻ യാത്രയായി.
ശ്രീവിദ്യ മുല്ലച്ചേരി(ആക്ടർ)
‘അടുത്ത ഷെഡ്യൂളിൽ കാണാം മക്കളെ’ എന്ന് പറഞ്ഞ് കെട്ടിപിടിച്ചു പോയതല്ലേ സുധിച്ചേട്ടാ!
‘മക്കളെ’ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും.
ഷാഫി കൊല്ലം (ഗായകൻ)
പ്രിയപ്പെട്ട സുധിയണ്ണാ, നിങ്ങളിനി ഇല്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ എനിക്കാവുന്നില്ല. അപ്രതീക്ഷിതമായ ഈ വിയോഗം അങ്ങയുടെ കുടുംബത്തെപോലെ ഞങ്ങളെയും തളർത്തിയിരിക്കുന്നു. കുടെയുണ്ടാവാൻ ഭാഗ്യംചെയ്ത നിമിഷങ്ങളൊക്കെയും ഒരു ജേഷ്ഠസഹോദരസ്ഥാനീയനായി നിങ്ങളെന്നെ ചേർത്തുനിർത്തിയ ഓർമ്മകൾക്കൊപ്പം മനസ്സു വല്ലാതെ വിങ്ങുന്നുണ്ട്. പ്രണാമം…