സത്യജിത് റായ് ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥി സമരം തുടരുന്നു
രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ ഫിലിം സ്കൂളുകളിൽ ഒന്നായ SRFTI യിൽ ജൂൺ 5 മുതൽ ആരംഭിച്ച വിദ്യാർത്ഥി സമരം പത്താം ദിനം പിന്നിട്ടു. സിനിമട്ടോഗ്രഫി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച ലൈംഗിക ചൂഷണ ആരോപണത്തിൽ നടപടി വൈകുന്നതാണ് സമര കാരണങ്ങളിലൊന്ന്. സെന എന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് ഹോസ്റ്റൽ അനുവദിക്കാത്തതും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അധികൃതർ ആദ്യം വിദ്യാർത്ഥികൾക്ക് പരിഹാര ഉറപ്പ് നൽകിയെങ്കിലും യാതൊരു നടപടിയും സംഭവിച്ചില്ല.
കാമ്പസ്സിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്കാണ് ലൈംഗിക അതിക്രമ പരാതികളുടെ അന്വേഷണ ചുമതല. എന്നാൽ, ഈ കമ്മിറ്റിക്കെതിരെയും വിദ്യാർത്ഥികൾ ആരോപണം ഉന്നയിക്കുന്നു. ഒയിൻഡ്രല ഹസ്ര പ്രതാപൻ എന്ന അധ്യാപിക കമ്മിറ്റിയുടെ ചുമതലയിലിരിക്കെ പരാതിക്കാരിയെ അപമാനിക്കുകയും,മാനസിക സമ്മർദ്ധിത്തിലാഴ്ത്തുകയും ചെയ്യുന്ന പ്രവർത്തികളാണ് ചെയ്യുന്നത്, നേരത്തെ പ്രതിഷേധത്തെ തുടർന്ന് ഈ അധ്യാപികയെ അക്കാഡമിക്ക് കാര്യങ്ങളിൽ നിന്നും ഇൻസ്റ്റിട്യൂട്ട് നീക്കിയിരുന്നു. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി പിരിച്ചു വിട്ട് പുതിയൊന്ന് രൂപികരിക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.
ഒരു പരാതിക്കാരിക്ക് ലഭിച്ച കംപ്ലയിന്റ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം കുറ്റാരോപിതനായ അധ്യാപകൻ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും, ശക്തമായ താക്കീതിൽ നടപടി ഒതുക്കുകയും ചെയ്തു. ഈ അധ്യാപകൻ ഇപ്പോഴും കാമ്പസ്സിൽ സ്വൈര്യ വിഹാരം നടത്തുന്നതും , നേരത്തെ മറ്റൊരു ലൈംഗിക കുറ്റത്തിന് പുറത്താക്കപെട്ട സീനിയർ വിദ്യാർത്ഥിയും കാമ്പസ്സിന്റെ റെസിഡൽഷ്യൽ പ്രദേശത്ത് ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നതും പരാതികാർക്ക് കടുത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സ്റ്റുഡന്റ് യൂണിയൻ പുറത്താക്കിയ പത്രകുറിപ്പിലാണ് ഈ കാര്യങ്ങൾ അറിയച്ചത്.