ഖൽബും കാലും ഒരുപോലെ പന്ത് തൊടുന്ന കിക്ക് ഓഫിൽ ഫാത്തിമ; അനിരുദ്ധിന് മലയാളത്തിൽ അരങ്ങേറ്റം
കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായി എത്തുന്ന മനു സി കുമാർ ചിത്രം ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ ‘ടട്ടാ ടട്ടറ’ എന്ന പ്രൊമോഷൻ ഗാനം റിലീസ് ചെയ്തു. തമിഴ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകത കൂടെ ചിത്രത്തിലെ പാട്ടിനുണ്ട്. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ഹിഷാം അബ്‌ദുൾ വഹാബാണ്.
മലബാറിലെ സെവൻസ് ഫുട്ബാൾ മത്സര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഫുട്ബോൾ ആരാധികയും അന്നൗൺസറുമായാണ് കല്യാണി പ്രിയദർശൻ എത്തുന്നത്. തല്ലുമാലയിലെ ഫാത്തിമ ബീവിക്ക് ശേഷം മലബാർ പശ്ചാത്തലത്തിൽ വീണ്ടും എത്തുകയാണ് കല്യാണി. ഷഹീൻ സിദ്ദിഖ്, സുധീഷ്, സാബുമോൻ, മാള പാർവതി, ഫെമിന ജോർജ്, സരസ ബാലുശ്ശേരി എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
മനു സി കുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗാഹകൻ സന്താന കൃഷ്ണൻ രവിചന്ദ്രനാണ്. എഡിറ്റിംഗ് കിരൺ ദാസും കലാസംവിധാനം നിമേഷ് താനൂരും കൈകാര്യം ചെയ്യുന്നു. സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-റിലീസ് സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തിട്ടുണ്ട്.