ദിലീഷ് പോത്തൻ പ്രകൃതിയെന്ന് തോന്നിപ്പിച്ചുകൊണ്ട് ചെയ്തിരിക്കുന്നത് പക്കാ ഫോർമുല സിനിമകൾ: രഞ്ജൻ പ്രമോദ്
പ്രകൃതി പടം എന്ന ലേബലിൽ വരുന്നത് ആദ്യമധ്യാന്ത്യം പക്കാ ഫോർമുല കലർന്ന കഥകളാണെന്ന് രഞ്ജൻ പ്രമോദ് അഭിപ്രായപ്പെട്ടു. എന്നാൽ, ഡ്രാമയെ റിയലിസം എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്തത് എന്ന് അതേ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പ്രതികരിച്ചു. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏക റിയലിസ്റ്റിക് സിനിമ രക്ഷാധികാരി ബൈജുവാണെന്നും രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു. അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ഓ. ബേബി എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം മീഡിയ വൺ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും പ്രകൃതി പടങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
രഞ്ജൻ പ്രമോദ് പറഞ്ഞത്:
“ദിലീഷ് ചെയ്ത മഹേഷിന്റെ പ്രതികാരം , തൊണ്ടിമുതൽ പോലുള്ള ചിത്രങ്ങളൊക്കെ തന്നെയും ഡ്രാമ കലർന്നതും, നാടകിയമായ എലമെൻറ്സിനെ റിയലിസം കൊണ്ട് പൊതിഞ്ഞുമുടുകയാണ്, പ്രകൃതി സിനിമ കാറ്റഗറിയിൽ ഉൾപെടുത്താൻ കഴിയാത്ത, ആദ്യമധ്യാന്ത്യം ഉള്ള തിരക്കഥകളാണ് ഇത്തരം സിനിമകൾക്കുള്ളത്. നാടകീയതയുടെ അതിപ്രസരം ഇല്ലാതെ റിയലിസത്തിന്റെ ഒരു പുഷ് നൽകി അവതരിപ്പിച്ചതുകൊണ്ടാണ് ഇത്തരം സിനിമകളൊക്കെയും പ്രകൃതി പടമായിട്ടു തോന്നുന്നത്.
യഥാർത്ഥത്തിൽ ഒരു രീതിയിലും ആദ്യമധ്യാന്തം കഥയിലില്ലാതെ, ഒരു തുറന്ന കണ്ണാടിപോലെ കാണിച്ച് കൊണ്ട് സിനിമയിലെ കഥാപാത്രങ്ങൾ പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ കഴിയുന്നു എങ്കിൽ അതാണ് ഒരു പ്രകൃതി സിനിമ”.
രഞ്ജൻ പ്രമോദിന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട്, ഡ്രാമയെ റിയലിസം എന്ന് തോന്നിപ്പിക്കുക മാത്രമാണ് ചെയ്തത് എന്ന് ദിലീഷ് പോത്തനും കൂട്ടിച്ചേർത്തു.
നീണ്ട 6 വർഷത്തിനു ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി, സംവിധാനം ചെയുന്ന ഓ ബേബി വെള്ളിയാഴ്ച റിലീസിനെത്തുകയാണ്.
ഒരു ഹാർട്ട് പമ്പിങ് ത്രില്ലർ എന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന സിനിമയിൽ ദിലീഷ് പോത്തനാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അരുൺ ചാലിലാണ്. ദിലീഷ് പോത്തൻ, രാഹുൽ മേനോൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവർപ്പള്ളി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ലിജിൻ ബംബിനോയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ദിലീഷ് പോത്തനെ കൂടാതെ, അതുല്യ ചന്ദ്ര, ഹാനിയ നാഫിസ, സജി സോമൻ, വിഷു അഗസ്ത്യ എന്നിവർ കൂടി അണിനിരക്കുന്നു