ചരിത്രത്തിന്റെ ചുവരുകളിൽ ഗോളടിച്ചു തുടങ്ങുന്നവർ
ചാമ്പ്യൻസ് ലീഗ് ട്രോഫി കെട്ടി വരിഞ്ഞ്, വലിയ വായിൽ ചിരിക്കുന്നൊരു പെൺകുട്ടിയെ കണ്ട് ഒരുപക്ഷെ ഇന്നലെ ഫിൽപ്സ് സ്റ്റേഡിയോണിന്റെ സ്റ്റാൻടുകളിൽ ആകാശഭൂമികളിലൂടെ മൈലുകൾ താണ്ടി വന്ന വൃദ്ധരും, അവരുടെ ചെറുവിരലുകളിൽ താങ്ങി സ്വപ്നം കാണാൻ പഠിപ്പിച്ചവരെ ഒന്ന് നേരിൽക്കാണാൻ ഓടിയെത്തിയ കുഞ്ഞുങ്ങളും – അതിനിടയിലും സ്പെയിനിന്റെ വൃത്തികെട്ട സെക്സിസ്റ് രാഷ്ട്രീയത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം സ്ത്രീകളെ അഭിമാനത്തോടെയുറ്റു നോക്കുന്ന സമപ്രായക്കാരും ഒരുപോലെ അലറിക്കരഞ്ഞു കാണും.
കഴിഞ്ഞ വർഷാവസാനത്തിന്റെ ചരിത്രാവർത്തനമെന്നോണം മൂന്നാം മിനിട്ടിൽ ഇവാ പാജർന്റെയും, മുപ്പത്തിയേഴാം മിനിട്ടിൽ അലക്സാൻഡ്ര പോപ്പിന്റെയും ഷോട്ടുകൾ ബാഴ്സിലോണയുടെ വല കുലുക്കുന്നു. പ്രതിരോധത്തിന്റെ കണക്കുകൾ കൂട്ടിയും കിഴിച്ചുമെത്തിയ ടോമി സ്റ്‌റൂട്ടിന്റെ പട ഹാഫ് ടൈം വരേയ്ക്കും ജോനാതന്റെ പെണ്കുതിരകൾക്ക് കടിഞ്ഞാണിടുന്നതിൽ വിജയശ്രേണി മുഴക്കുന്നു. ഐടാനയെ മാർക്ക് ചെയ്ത് ബോൾ സപ്ലൈ പൂർണ്ണമായും തടയുന്നതിനോടൊപ്പം, ഫ്രിടോയുടെ വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തിന് മതിൽ കെട്ടപ്പെടുന്നു. വോൾഫ്‌സ്ബർഗിൻ്റെ ഫൈനൽ തേർഡിൽ ചിതറിപ്പോയ ചില ബൂട്ടുകൾ കലഹിക്കുന്ന സ്വരം മാത്രം. ആദ്യ പകുതിയിലെ പതിനഞ്ചു ശ്രമങ്ങളും, ഗോളിന്റെ വരകളെ ചുംബിക്കാതെ കടന്നുപോകുന്നത് കണ്ട് ദൂരങ്ങളിൽ ഐറീൻ തന്റെ ലോങ്ങ് പാസുകളോട് മാപ്പ് ചോദിച്ചു. ഒരു വിസിലിനപ്പുറം മൂകമായ പ്രതീക്ഷകൾ ലോക്കർ റൂമിലേക്ക് നടന്നകലവേ, നീലയണിഞ്ഞ ഒരു വലിയ കൂട്ടം ജനങ്ങളുടെ കണ്ണുകളിൽ ചെറുതായി ഉപ്പ് ചുവയ്ക്കുന്ന ചുവപ്പ് പടരുന്നത് പോലെ.
കാലം പലപ്പോഴും കാവ്യനീതി കാത്തു വെയ്ക്കാറുണ്ടെന്ന് ആരൊക്കെയോ അഭിപ്രായപ്പെട്ട് കേട്ടിട്ടുണ്ട്. തൊണ്ണൂറാം മിനുട്ടിൽ ഒരു സെക്കന്റ് തികയും മുൻപേ ജീവിതങ്ങൾ മാറ്റിമറിക്കാൻ പോലും കെൽപ്പുള്ളതാണ് ഫുട്ബോൾ. സെക്കന്റ് ഹാഫിന്റെ തുടക്കമറിയിക്കാൻ വിസിൽ മുഴങ്ങി മൂന്ന് മിനിട്ട് കൃത്യം തികയുമ്പോൾ മരിയ ലിയോൺ പാട്രിഷ്യോയുടെ കാലുകൾ കണ്ടെത്തുന്നു. വലത് കാരോ ഗ്രഹാം പന്തിനു വേണ്ടി കാത്തു നിൽക്കുന്നു. ശേഷം, പോപ്പിന്റെ കണ്മുന്നിലൂടെ ഒരു ഫേക്ക് ടേൺ; വീണ്ടും ഗിഹാരോയിലേക്ക്! ഗോ…..ൾ – ആ ആർത്തിരമ്പൽ അവസാനിച്ചില്ലെന്ന അടയാളപ്പെടുത്തലായിരുന്നു. വീണ്ടും രണ്ട് നിമിഷത്തെ ഇടവേള. കെയ്‌റ ബോൾ റിക്കവർ ചെയ്ത് ഐടാനയിലേക്ക്. ഭാരം അളന്നു തൂക്കിയ ഒരു ക്രോസ്സിൽ ഗിഹാരോയുടെ സമനിഷ്ടത! അതിസമർത്ഥമായൊരു ഹെഡർ – ഓഹ്, ഇതെന്തതിശയമെന്ന് ലോകം !
ക്യൂലേഴ്‌സിനു “മറ്റൊരു പാരിസ്, ദേ ജാവു” എന്ന പോലെ! സംഘർഷം മുറുകിക്കൊണ്ടിരിക്കെ ത്രികോണങ്ങൾ രൂപപ്പെട്ടു തുടങ്ങുന്നു; വരകൾ, ജ്യാമീതീയ രൂപങ്ങൾ! യോഹാന്റെ ബാർസ, യുഗങ്ങൾക്കപ്പുറം ഒരിക്കൽ കൂടി. എഴുപതാം മിനുട്ടിൽ മരിയോ വിൻ ചെയ്ത റീബൗണ്ട് ഫ്രിടോയിലൂടെ ലക്ഷ്യം കാണുമ്പോൾ, ഫൈനൽ സ്ട്രീം ചെയ്യുന്ന ലക്ഷക്കണക്കിന് മനുഷ്യരും, ക്യാപ്റ്റൻ അലക്സ്യയും മുതൽ പതിനാറുകാരി വിക്കി ലോപ്പസ് വരെ ഒരേ മരവിപ്പിന്റെ തണുപ്പിൽ പൊട്ടിക്കരയുകയാണ്. പരിചിതമായ വിജയത്തിന്റെ അനുഭൂതി, അതിനേക്കാൾ പരിചിതമായ അപമാനത്തിന്റെ വേദിയിൽ നിന്നും!
അത്ഭുതപെടാതെ വയ്യ. ലോകം നെഞ്ചേറ്റിയ ഈ കളിയരങ്ങിന്റെ ചരിത്രത്തിൽ, ഇത്തരമൊരു തിരിച്ചുവരവ്, അഥവാ ‘ലാ റെമോന്റാദാ’ ഇനി ഉണ്ടാവുമോ എന്ന് സംശയമാണ്. യൂറോപ്പിന്റെ കിരീടധാരികൾ, ഒരു തരത്തിലും തോൽവി രുചിക്കില്ലെന്ന് ഉറപ്പിച്ചു മുന്നേറിയവർ – വിപ്ലവകാരികളായ സ്ത്രീകൾ.
തുകൽപ്പന്തിന് ചുറ്റും ഓടുന്ന മനുഷ്യർക്ക് വേണ്ടി എല്ലായിപ്പോഴും ലോകത്തൊരു പറ്റം ഹൃദയങ്ങളിൽ വേണ്ടുവോളം മൈതാനങ്ങൾ ഒഴിച്ചിടപ്പെട്ടിട്ടുണ്ട്. രാപ്പലുകളും വൈകുന്നേരങ്ങളും നെറ്റ് കുലുങ്ങുന്നതിനൊപ്പം ചലിക്കുന്ന നാവുകളും, നിറഞ്ഞു തൂവുന്ന കണ്ണുകളുമായി അടുത്ത മാച്ചിലേക്കുള്ള ദൂരം കണക്കുകൂട്ടി നിലനിൽപ്പുറപ്പിക്കുന്നവർ. പിന്നീടെപ്പോഴോ പന്തിന് പുരുഷന്റെ മുഖഛായ; പെണ്ണിന് വിലക്ക്.
എന്നാലിന്ന്, എഴുതപ്പെട്ടതും അല്ലാത്തതുമായ നൂറ് നിയമങ്ങൾ മാറ്റിയെഴുതിക്കാൻ ലോകക്കപ്പ് വേദി പോലും നഷ്ടമാക്കി പൊരുതുന്ന ബാർസയുടെ സ്ത്രീകൾ! ഏറ്റവും കൂടുതൽ കാണികളുള്ള വിമൻസ് ഗെയിംന്റെ വേൾഡ് റെക്കോർഡ്സ് ബ്രേക്ക് ചെയ്ത, തുടർച്ചയായി മൂന്ന് സീസണുകളിൽ 60+ വിൻ സ്‌ട്രീക്ക്സ് നിലനിർത്തിയ, മാറ്റത്തിന്റെ കൊടുമുടികൾ കയറുന്ന നിർഭയർ. ഓഹ്, നിങ്ങൾക്കെന്ത് സമർപ്പിക്കുവാനാണ്? ഒരിറ്റു നന്ദി പുരണ്ട കണ്ണീരല്ലാതെ? ലോങ്ങ് ലീവ് ദി വിൽ!
Riya Jasmin VS
One thought on “ചരിത്രത്തിന്റെ ചുവരുകളിൽ ഗോളടിച്ചു തുടങ്ങുന്നവർ”
💯