പി എസ് ജിയിലെ മെസ്സി യുഗം തീരുന്നു: ഇന്ന് അവസാന മത്സരം
രണ്ട് വർഷത്തെ പി എസ് ജി കരാർ അവസാനിപ്പിച്ച് ലയണൽ മെസ്സി. പി എസ് ജിയ്ക്ക് വേണ്ടിയുള്ള അവസാന മത്സരം ഹോം ഗ്രൗണ്ടായ പ്രിൻസസ് പാർക്ക് ഗ്രൗണ്ടിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരക്ക് ക്ലർമണ്ടോ ഫുട്ടോക്ക് എതിരെ മെസി അവസാന ബൂട്ടണിയും.
ആദ്യ സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വെക്കാൻ സാധിച്ചില്ലെങ്കിലും, ഈ സീസണിൽ 20 ഗോളുകളും 21 അസിസ്റ്റുകളും നേടിയ മെസ്സി പാരിസിനായി ആകെ 47 മത്സരങ്ങളിൽ നിന്നും 32 ഗോളുകളും 34 അസിസ്റ്റുകളും നേടി. പി എസ് ജിക്ക് വേണ്ടി കളിക്കവേയാണ് മെസ്സി സ്വപ്ന സാക്ഷാത്കാരമായ ലോകകപ്പ് നേടുന്നത്. ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് അർജന്റീന ലോകകപ്പ് നേടിയത്. ഇത് പാരിസ് ആരാധകരുടെ ഇഷ്ട്ടക്കേടിന് വഴിവച്ചിരുന്നു. ക്ലബ്ബുമായുള്ള കരാർ ഒരു വർഷത്തേക്ക് നീട്ടാമെന്ന ഉപാധിയുണ്ടായിരുന്നെങ്കിലും മെസ്സി ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ക്ലബ്ബിനെ അറിയിക്കാതെയുള്ള മെസ്സിയുടെ സൗദി യാത്രയും തുടർന്നുണ്ടായ വിലക്കുകളും വാർത്തയായിരുന്നു. എന്നാൽ പിന്നീട് മെസ്സി തന്നെ ഈ വിഷയത്തിൽ മാപ്പ് പറഞ്ഞു.
പാരിസ് വിട്ട ശേഷം മെസ്സി മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി അതിന് തടസ്സമാവുന്നുണ്ട്. സൗദി ക്ലബ്ബായ അൽഹിലാലും അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയും പ്ലീമിയർ ലീഗിലെ ചില ക്ലബ്ബുകളും മെസ്സിക്കായി രംഗത്തുണ്ട്. സ്വപ്ന വാഗ്ദാനവുമായാണ് സൗദി രംഗത്ത് എത്തിയത്