പെപ്പ് ഗാർഡിയോള – ഒരു ‘വിനായന്വിതനായ അഹങ്കാരി’
2010 ഫുട്ബോൾ വേൾഡ് കപ്പ് വിജയിച്ച സ്പെയിൻ ടീമിനെ ഓർമ്മയുണ്ടോ? അവരുടെ കുറുകിയ പാസ്സുകളിലുള്ള ടിക്കി ടാക്ക മുന്നേറ്റങ്ങൾ ഓർക്കുന്നോ?
ലാലീഗയിൽ ആ കാലഘട്ടത്തിലെ ബാഴ്സലോണക്ക് സമാനമായ കളി ശൈലി,ടിക്കി ടാക്ക തൊണ്ണൂറുകളിൽ ഫലപ്രദമായി ഉപയോഗിച്ച ജോൺ ക്രൈഫ് എന്ന പരീശീലകനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത് .
എന്നാൽ ടിക്കി ടാക്കയുടെ പുനരവതരണത്തിന് കാരണം മേല്പറഞ്ഞത് പോലെ ബാഴ്സലോണയുടെ വിജയ ഗാഥ തന്നെയായിരുന്നു.
പറഞ്ഞ് വരുന്നത് ആ ഒരാളെ പറ്റിയാണ്,
മെസ്സിയും റൊണാൾഡോയും അവർ കളിക്കുന്ന ക്ലബ്ബുകൾ മാറുമ്പോൾ അവരോടൊപ്പം അവരുടെ കടുത്ത ആരാധകരും ക്ലബ്ബുകളുടെ കളി മാറി കാണും.കളിക്കാരനല്ലാത്ത മറ്റൊരാൾക്ക് വേണ്ടി നിങ്ങൾ ക്ലബ്ബുകളുടെ കളി മാറി കാണാറുണ്ടോ? പ്രൈം ബാഴ്സയുടെ കളിയെ ഇന്നും നെഞ്ചിലേറ്റുകയും, 2013 – 2016 കാലത്തെ ബയേണിന്റെ കുറുകിയ പാസ്സുകളും ചടുലതയുള്ള നീക്കങ്ങളും ഒരു അത്ഭുത സ്വപ്നം പോലെ ഓർത്തു വെക്കുകയും ചെയ്യാറുണ്ടോ? ഒടുവിൽ, അധികമൊന്നും കിരീടങ്ങളുടെ എണ്ണം പറയാനില്ലാതിരുന്ന, ബദ്ധവൈരികളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള ചാന്റുകളിൽ വീർപ്പ് മുട്ടിയിരുന്ന മാഞ്ചസ്റ്റർ സിറ്റി നടത്തുന്ന അസൂയാവഹമായ കുതിപ്പിന്റെ ആരാധകനാണോ? എങ്കിൽ ഉറപ്പിക്കാം, പെപ്പ് ഗാർഡിയോള എന്ന മജീഷ്യൻ നടത്തുന്ന മാന്ത്രികതയിൽ നിങ്ങൾ സ്വയം മറന്നിരിക്കുന്നു. നിങ്ങളെ കുറ്റം പറയാനാവില്ല, പെപ് മാനേജ് ചെയ്യുന്ന ടീമുകളുടെ കളിക്ക് വല്ലാത്ത ചേലാണ്. കളിക്കാർക്ക് അത്രമേൽ പോരാട്ട വീര്യവും, ടീമുകൾക്ക് ജയിക്കാനുള്ള ഒടുങ്ങാത്ത ദാഹവും! ഫുട്ബോളിനെ സ്നേഹിക്കുന്ന ആരാലാവും ആ കളികളിൽ സ്വയം മുഴുകാതിരിക്കാൻ?
ജോസെപ്പ് ഗാർഡിയോള സലാ എന്ന പെപ്പ് ഗാർഡിയോള സ്പെയിനിലെ സാന്റ് പെഡോറിൽ 1971 ജനുവരി 18 -നാണ് ജനിച്ചത്. ഡിഫൻസീവ് മിഡ് ഫീൽഡറായിരുന്ന പെപ്പ് 1992 ഒളിസിക്സിൽ സ്വർണ്ണം നേടിയ സ്പെയിൻ ടീം അംഗമായിരുന്നു. ജോൺ ക്രൈഫ് മാനേജ് ചെയ്തിരുന്ന 92ലെ യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ എക്കാലത്തെയും സ്വപ്ന ടീമിന്റെയും ഭാഗമായിരുന്നു പെപ്പ് ഗാർഡിയോള. മികച്ച കളിക്കാരനായിരുന്നു അയാൾ എന്നതിൽ സംശയമില്ല. പക്ഷെ, അയാളുടെ നിയോഗം ഇതിഹാസ താരമെന്ന ലേബലിൽ ചരിത്രത്തിൽ അടയാളപ്പെടുത്തനായിരുന്നില്ല. കാല്പന്ത് കളിയുടെ ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയ മാനേജർമാർ ഒരുപാടുണ്ട്, വിശിഷ്യാ യൂറോപ്പിൽ. ബിൽ ഷാങ്ക്ലിയും, മാറ്റ് ബുസ്ബിയും, ജോൺ ക്രൈഫും, സാക്ഷാൽ അലക്സ് ഫെർഗൂസനും കടന്ന് ജോസേ മൗറീഞ്ഞോ വരെ എത്തി നിൽക്കുന്നു ആ നിര. പെപ്പ് ഗാർഡിയോള ഇക്കൂട്ടത്തിൽ തലയെടുപ്പോടെ, ഒരു അപരാജിതന്റെ അന്തസ്സോടെ, സ്വതസിദ്ധമായ വിനയം ചേർത്ത ‘അഹങ്കാരത്തോടെ’ വെറുതെ അങ്ങനെ നിൽക്കുന്നതല്ല. അയാൾ ഒരു അത്ഭുതമാണ്; തന്ത്രങ്ങളുടെ രാജാവാണ്. അയാൾ അയാളെ മാത്രമല്ല, പരിശീലിപ്പിക്കുന്ന ക്ലബ്ബുകളുടെയും സുവർണ്ണ കാലഘട്ടം തനിക്ക് കീഴിലാക്കിയാണ് അടയാളപ്പെടുത്തിയത് . 2008 വരെ ആരാധകർക്ക് പ്രൈം ബാഴ്സ 92ലെ ക്രൈഫിന്റെ ബാഴ്സയായിരുന്നു. എന്നാൽ ഇന്നത് പെപ്പിന്റെ ബാഴ്സയാണ്. തങ്ങളുടെ എക്കാലത്തെയും മികച്ച ഫോമിലാണ് മാഞ്ചസ്റ്റർ സിറ്റി ഇന്നുള്ളത്. പരീശീലന കരിയറയിൽ പതിനഞ്ച് വർഷത്തിനിടയിൽ മുപ്പത്തിയഞ്ച് ട്രോഫി എന്നത് മാത്രമല്ല അയാളെ വ്യത്യസ്തനാക്കുന്നത്, പെപ്പ് ഗാർഡിയോളക്ക് മുന്നേയും ശേഷവും എന്ന് പരിശീലിപ്പിച്ച ക്ലബ്ബുകളുടെ ചരിത്രം രണ്ടായി അടയാളപ്പെടുത്തുന്നത് കൂടെയാണ്.
ആരാധകർ തമ്മിലുള്ള വാക് പോരിനിടയിൽ ബാഴ്സലോണ ആരാധകർ എതിർപക്ഷക്കാരെ നിശബ്ദമാക്കുന്നത് പലപ്പോഴും പ്രൈം ബാഴ്സയുടെ കളിയുടെ ഹുങ്ക് പറഞ്ഞാണ്. മെസ്സിയും, ഇനിയിസ്റ്റയും പന്ത് തട്ടി ലോകത്തെ ഞെട്ടിച്ചിരുന്ന പ്രൈം ബാഴ്സ!
2008ലാണ് പ്രതിസന്ധികളിൽ നിന്നിരുന്ന ബാഴ്സലോണയുടെ സീനിയർ ടീമിന്റെ മാനേജരായി അവരുടെ തന്നെ ബി ടീമിന്റെ മാനേജരായിരുന്ന പെപ്പ് ഗാർഡിയോള എന്ന 37കാരൻ കടന്നു വരുന്നത്. പുതിയൊരു ചരിത്രത്തിന്റെ ആദ്യ താൾ അവിടെ മറിഞ്ഞു തുടങ്ങുകയായിരുന്നു. 2008 മുതൽ 2012 വരെയുള്ള നാല് വർഷക്കാലമാണ് പെപ്പ് ബാഴ്സലോണയുടെ പരീശീലകനായിരുന്നത്. ഇതിനിടയിൽ മൂന്ന് തവണ അടുപ്പിച്ച് ലാലീഗ ചാമ്പ്യന്മാരായ ബാഴ്സ, രണ്ട് തവണ യൂറോപ്യൻ ചാമ്പ്യന്മാരുമായി. 2011ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എല്ലാ മേഖലയിലുമുള്ള ആധികാരിക വിജയമാണ് പെപ്പിന്റെ ടീം സ്വന്തമാക്കിയത്. ബാഴ്സലോണയിലെ തന്റെ ദൗത്യം അവസാനിപ്പിച്ച് പെപ്പ് പോയത് ബയേണിലേക്കാണ്. യുവേഫ സൂപ്പർ കപ്പ് നേടി ട്രോഫി വേട്ട ബയേണിനൊപ്പം തുടങ്ങിയ അയാൾക്ക് മൂന്ന് ബുണ്ടസ ലീഗ കിരീടം നേടാനായെങ്കിലും അവിടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായില്ല. 2016ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ പെപ്പ് എത്തുന്നത്. 2008 ൽ ഷെയ്ക്ക് മൻസൂർ ബിൻ സയദ് എന്ന യു എ ഇ ഭരണാധികാരിയുടെ ഉടമസ്ഥതയിലെത്തിയ മാഞ്ചസ്റ്റർ സിറ്റി അപ്പോഴേക്കും സാമ്പതിക ഭദ്രത കൈവരിച്ചിരുന്നു. പണം കൃത്യമായ സ്ഥലത്ത്, കൃത്യമായി ചിലവഴിച്ച് കളിക്കാരെ സ്വന്തമാക്കുന്ന പെപ്പിന്റെ തന്ത്രമാണ് പിന്നീട് കണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നിരയുള്ള ക്ലബ്ബായി സിറ്റി ഇന്ന് മാറിയിരിക്കുന്നു. സിറ്റിയെ അഞ്ച് തവണ ലീഗ് ചാമ്പ്യന്മാരാക്കിയ പെപ്പ് അവസാന മൂന്ന് സീസണുകളിലും തുടർച്ചയായി സിറ്റിക്ക് ലീഗ് കിരീടം നേടി കൊടുത്തു.
ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് മാഞ്ചസ്റ്ററിലെ രണ്ടു ടീമുകളും ബദ്ധവൈരികളാകുന്നത്. മാഞ്ചസ്റ്ററിന് രണ്ടു നിറങ്ങളുടെ വശങ്ങളാണ് ഉള്ളത്; ചുവപ്പിന്റെയും നീലയുടെയും. 190 തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ യുണൈറ്റഡ് 78 തവണയും സിറ്റി 59 തവണയും വിജയിച്ചു. 53 തവണ മത്സരം സമനിലയായി. കണക്കുകളിൽ നിന്ന് തന്നെ മാഞ്ചസ്റ്ററിന്റെ നീല ഭാഗം അനുഭവിച്ച വേദന വ്യക്തമാണ്. പെപ്പ് ബാഴ്സലോണ വിടുമ്പോൾ ഏറ്റവും അധികം ഉയർന്നു കേട്ട പേര് മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതായിരുന്നു. സർ അലക്സ് ഫെർഗൂസനോട് ഒരിക്കൽ മാധ്യമ പ്രവർത്തകരിലൊരാൾ ചോദിച്ചു: “മാഞ്ചസ്റ്റർ ഡെർബിയിൽ എന്നെങ്കിലും സിറ്റി ഫേവറിറ്റ്സാകുമോ”? മറുപടി : Not in my life time എന്നായിരുന്നു. ഒരു പക്ഷെ, അയാളുടെ കണക്ക് കൂട്ടലിൽ പെപ് ഗാർഡിയോള സിറ്റിയിലെത്താനുള്ള വന്യമായ സാധ്യത കൂടി ഇല്ലായിരുന്നിരിക്കാം. ഫെർഗൂസന്റെ കണക്ക് പതിവിൽ നിന്നും തെറ്റി! പെപ്പ് ബാഴ്സ വിട്ട് ബയേണിലേക്കും അവിടെ നിന്ന് സിറ്റിയിലേക്കുമെത്തി. എത്രയും വേഗം സ്ട്രൈക്കറിലേക്ക് പന്ത് എത്തിച്ച് ഗോൾ നേടുന്ന ഇംഗ്ലീഷ് ക്ലബ്ബുകളുടെ ശൈലിയിൽ നിന്ന് മാറി കുറുകിയും നീട്ടിയും കൃത്യമായ പാസ്സുകൾ നൽകി, പന്ത് ഭൂരിപക്ഷ സമയവും കൈവശം വച്ച് സ്ട്രൈക്കറിലേക്ക് അണുവിട തെറ്റാതെ പാസ്സ് നൽകി ഫിനിഷ് ചെയ്യുന്ന സിറ്റിയെ കണ്ട് ഫെർഗൂസൻ വരെ അത്ഭുതപ്പെട്ടുകാണും. ഒറ്റ സീസണിൽ തന്നെ ലീഗ് ചാമ്പ്യനാവുക, എഫ് എ കപ്പ് നേടുക, യൂറോപ്യൻ ചാമ്പ്യന്മാരാവുക. രണ്ടു ദിവസം മുൻപ് വരെ ഫെർഗൂസന്റെ യുണൈറ്റഡിന് മാത്രം അവകാശപ്പെട്ടതായിരുന്നു ഇംഗ്ലണ്ടിൽ ഈ നേട്ടം. പെപ്പ് സിറ്റിയിലെത്തിയ ശേഷം, യൂറോപ്യൻ ചാമ്പ്യന്മാരാവുക എന്ന ചരിത്ര സ്വപ്നത്തിനരികെ അവർ പലതവണ എത്തിയിരുന്നു. 2020-21 ൽ ആകട്ടെ ചെൽസിയോട് ഫൈനലിൽ തോൽക്കുകയും ചെയ്തു. ഒരു പക്ഷെ കാലം കാത്ത് വച്ചത് മറ്റൊരു ചരിത്രത്തിനാകാം. സിറ്റി ഇത്തവണ ഇന്റർ മിലാനെ പരാജയപ്പെടുത്തി അവരുടെ ചരിത്രത്തിലാദ്യമായി യൂറോപ്യൻ ചാമ്പ്യന്മാരായി. വെറുതെയല്ല, നേരത്തെ പറഞ്ഞ തങ്ങളുടെ ബദ്ധവൈരികൾക്ക് മാത്രം സ്വന്തമായ റിക്കോർഡും നേടിക്കൊണ്ടായിരുന്നു. അതും എഫ്. എ കപ്പ് ഫൈനലിൽ അവരെ തന്നെ പരാജയപ്പെടുത്തി, ലീഗിലാകട്ടെ ആഴ്സണലുയർത്തിയ വെല്ലുവിളിയെ യാതൊരു സമ്മർദ്ധവുമില്ലാതെ അതിജീവിച്ചും.
പെപ്പുണ്ടങ്കിൽ ആർക്കും, ഒന്നും അസാധ്യമല്ല!
14 തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡാണ് ഏറ്റവും അധികം തവണ യൂറോപ്യൻ ചാമ്പ്യന്മാരായിട്ടുള്ളത്. ഇത്തവണ സിറ്റി കിരീടം നേടിയ ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കേ, പെപ്പ് തമാശ ചാലിച്ചുകൊണ്ട് പറഞ്ഞു: “റയൽ, ഞങ്ങൾ വെറും 13 കിരീടം അകലെയാണ്, ഞങ്ങളിതാ നിങ്ങൾക്കായി വരുന്നുണ്ട് “.ആരും അവിശ്വസിക്കില്ല, കാരണം പെപ്പ് ഗാർഡിയോള പറയുന്നത് വെറുതെയാകാൻ വഴിയില്ല. വീണ്ടും പറയുന്നു, അയാൾ ഒരു ‘വിനായന്വിതനായ അഹങ്കാരിയാണ്
അശ്വിൻ രാധാകൃഷ്ണൻ
The Younion Entertainments
One thought on “പെപ്പ് ഗാർഡിയോള – ഒരു ‘വിനായന്വിതനായ അഹങ്കാരി’”
നന്നായിരിക്കുന്നു…