
സവർക്കറിൻ്റെ പ്രേരണയും, പുതിയ നുണകളും
“ഗാന്ധിജി തെറ്റായിരുന്നില്ല,പക്ഷെ അദ്ദേഹം അഹിംസ വാദത്തിൽ ഉറച്ച് നിന്നില്ലായിരുന്നെങ്കിൽ ഭാരതം 35 വർഷം മുന്നേ സ്വാതന്ത്ര്യം നേടിയേനെ”
അടുത്ത് പുറത്ത് വന്ന സ്വതന്ത്ര വീർ സവർക്കർ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലറിലുള്ള ഡയലോഗാണ് മേൽപ്പറഞ്ഞത് .
സവർക്കറെ പറ്റിയെന്നല്ല ലോകത്തിൽ എന്തിനേയും,ഏതിനെയും,ആരെയും പറ്റി ആർക്കും സിനിമ നിർമ്മിക്കാം.
ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിനനുസരിച്ച് അതിൽ പ്രതിപാദ്യമാകുന്ന വിഷയത്തിനോ,ആൾക്കൊ നായകത്വമൊ വില്ലൻ പരിവേഷമൊ നൽകാം.അത് കലാസ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ പെടുന്നു, എന്നാൽ പരിധി ലംഘിക്കപ്പെടുന്നത് നുണകൾ പറയുമ്പോഴാണ്.പ്രത്യേകിച്ച് സിനിമ ഒരു ഡോക്കുമെന്റേഷനാകുന്നതിനാൽ.
ഒരു ചരിത്ര സംഭവത്തെ അല്ലെങ്കിൽ ചരിത്ര പുരുഷനെ പരാമർശിക്കപ്പെടുമ്പാൾ നീതി കള്ളം പറയാതിരിക്കല്ലാണ്.നുണ പറച്ചിലിലെ 32,000 എന്ന കണക്ക് കേരള സ്റ്റോറിയിൽ നമ്മൾ കണ്ടു.
രൺദീപ് ഹൂഡയുടെ സംവിധാനത്തിൽ പുറത്തു വരുന്ന സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രത്തിന്റെ ടീസർ പറയുന്നത് ഭഗത് സിംഗിനും ,നേതാജിക്കും,ഖുദിരാം ബോസിനും സവാർക്കർ പ്രചോദനമായി എന്നാണ്.ഇതിനെതിരെ പ്രതികരണവുമായി നേതാജിയുടെയും ഖുദിരാം ബോസിൻറെയും കുടുംബം രംഗത്ത് വന്നത് നുണകൾക്ക് എതിരെയുള്ള ചെറുത്ത് നില്പുകളുടെ തുടക്കമായി തന്നെ കണക്കാക്കാം.
സുബ്രത് റോയ് എന്ന ഖുദിരാം ബോസിന്റെ അനന്തിരവൻ പറയുന്നത് യാതൊരു ചരിത്ര അടിത്തറയുമിതിനില്ല എന്നാണ്.മാത്രമല്ല ഹേമചന്ദ്ര കണ്ണുംഗയും,സത്യേൻ ബോസിനെയും,അരിബിന്ദോ ഘോഷിനെയും പോലെയുള്ള അനുശീലൻ സമിതിക്കാർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രചോദനമെന്നും സുബ്രത് റോയ് മാധ്യമങ്ങൾക്ക് കൊടുത്ത പ്രതികരണത്തിൽ പറയുന്നു.
ഏറ്റവും രസകരമായ വസ്തുത 1908 ആഗസ്ത് 11 ന് പതിനെട്ട് വയസ്സുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ഖുദിരാം ബോസിനെ 1906 മുതൽ 1911 വരെ ലണ്ടനിൽ ആയിരുന്ന സവർക്കർ പ്രചോദിപ്പിച്ചു എന്നതിലെ വൈരുദ്ധ്യതയാണ്.
മറുവശത്ത് നേതാജിയുടെ അനന്തിരവൻ ചന്ദ്രബോസ് പറയുന്നത് സവർക്കർക്ക് എതിരെയുള്ള നിരവധി ലേഖനങ്ങളും പ്രസംഗങ്ങളും നേതാജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ്.
നേതാജിയുടെ മകൾ അനിത ബോസ് ദി ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത പ്രതികരണത്തിൽ പറയുന്നത് ഇങ്ങനെയാണ്.
“ഗാന്ധിജിയും നേതാജിയും എല്ലാത്തരം വിഭജനങ്ങൾക്കും എതിരായിരുന്നു.നേതാജി സവർക്കറുടെ അനുയായികളോട് ഇന്ത്യയെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാടിനെ വളച്ചൊടിക്കാതെ അതിനോട് യോജിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുയും ചെയ്തു”
ചിത്രത്തിന്റെ പ്രപ്പഗണ്ടയുടെ തെളിവാണ് ഭഗത് സിംഗിനെ സവർക്കർ പ്രചോദിപ്പിച്ചു എന്ന ട്രെയിലറിലെ അടുത്ത വാദം.കാലങ്ങളായി ഹിന്ദുത്വവാദികൾ ഉയർത്തുന്ന വാദമാണിത്.ആർഎസ്എസ് സൈദ്ധാന്തികനും ദി നാഷണലിസ്റ്റ് വ്യൂ എന്ന വെബ്സൈറ്റിന്റെ സ്ഥാപക എഡിറ്ററുമായ അരുൺ ആനന്ദ് 2021 മാർച്ച് 23ന്
ദി പ്രിൻറ് ഡോട് കോമിൽ എഴുതിയ ലേഖനം തന്നെ ഭഗത്സിംഗ് സവർക്കറെ ധീര ഹൃദയത്തിനുടമ എന്ന് വാഴ്ത്തിയെന്നാണ്.1924ൽ നവംബർ 15 നും 22 നും ഇറങ്ങിയ മട്വാല എന്ന ഹിന്ദി വാരികയുടെ രണ്ടു പതിപ്പുകളിലായി ബൽവന്ത് സിംഗ് എന്ന പേരിൽ എഴുതിയ “വിശ്വപ്രേമ്” എന്ന ലേഖനം ഭഗത് സിംഗിന്റേതാണെന്നും,അതിൽ സവർക്കറിനെ “ധീര ഹൃദയത്തിനുടയവനും,മടിയേതുമില്ലാതെ സ്വയം പ്രഖ്യാപിത ഭ്രാന്തമായ അരാജകവാദി” എന്ന് വിശേഷിപ്പിക്കുന്നുവെന്നും ലേഖനം പറയുന്നു.
സവർക്കർ എങ്ങനെ ഭഗത്സിംഗിനെ പ്രചോദിപ്പിച്ചു എന്ന് ഗൂഗിൾ സേർച്ച് നടത്തിയാൽ എത്തുന്ന ലേഖനങ്ങളിൽ ഒന്നാണ് ഇത്.ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒറ്റ മുന്നേറ്റമോ,ഒറ്റ നേതാവിന്റെ പോരാട്ടമൊ അല്ല .അത് വിവിധ കാഴ്ച്ച പാടുകളുടെയും അനേകം പ്രതിഷേധങ്ങളുടെയും ആകെ തുകയാണ്.ഗാന്ധി ഒരു മാതൃകയും സർവ്വസമ്മതനുമായിരുന്നു,ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പൊതുമുഖമായി അദ്ദേഹം മാറിയത് സ്വാഭവികമാണ്.ഗാന്ധിയിൽ നിന്ന് ഈ പട്ടം ഹിന്ദുത്വ വാദികളിലൊരാളെ ഏൽപ്പിക്കാനുള്ള സോ കോൾഡ് യഥാർത്ഥ ദേശീവാദികളുടെ വ്യഗ്രത വായു ശ്വസിക്കുന്ന ആർക്കും മനസ്സിലാകും.മേൽപറഞ്ഞ അരുൺ ആനന്ദിന്റെ ലേഖനത്തിലെ യുക്തി വർത്തമാന കാല ഇന്ത്യയിൽ പ്രയോഗിച്ചാൽ രണ്ടാം യുപിഎ സർക്കാർ കാലത്ത് ഉണ്ടായ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചവരിലൊരാളായ യോഗേന്ദ്ര യാദവ് തന്നെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലുടനീളം ഉണ്ടായിരുന്നതും.രാഹുൽ ഗാന്ധിയുടെ പ്രചോദനം യോഗേന്ദ്ര യാദവാണന്ന് ഈ കാലത്ത് വന്ന ഏതെങ്കിലും വാർത്തകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചാലെങ്ങനെയുണ്ടാകും? സവർക്കർ ഹിന്ദു രാഷ്ട്ര വാദിയും,ഭഗത്സിങ് മാർക്സിയൻ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനുമായിരുന്നു.
കാലങ്ങളായി പറയുന്ന നുണ ചില അർദ്ധസത്യങ്ങളെ കൂട്ടു പിടിച്ചു സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് മേൽപറഞ്ഞ ലേഖനമെങ്കിൽ രൺദീപ് ഹൂഡയുടെ ചിത്രത്തിന്റെ ട്രെയിലറിൽ അത് ഉറപ്പിച്ച് പറയുകയാണ്.ചരിത്രത്തിന്റെ പ്രത്യേകത നുണകളും അർദ്ധസത്യങ്ങളും ചേർത്ത് അവതരിപ്പിച്ചാൽ സത്യമെന്ന് തോന്നുമെന്നതാണ്.കേരള സ്റ്റോറിയും കാശ്മീർ ഫയൽസും പോലെ സിനിമകൾ രേഖകളായി മാറുന്ന കാലത്ത്,പ്രപ്പഗണ്ട സിനിമകളിൽ നുണകൾ പകുതി സത്യവും ഹീറോയിക്ക് ബിജിഎമും ആയി മുറ പോലെ എത്തുമ്പോൾ ചരിത്രം പഠിക്കുന്നതും സ്വയം ചരിത്ര അവബോധമുള്ളവർ ആകുന്നതും പ്രതിരോധമാണ്
അശ്വിൻ രാധാകൃഷ്ണൻ.
The Younion Entertainments