‘ഗോഡ് ബൈ’,ദൈവമേ വിട…
ഫുട്ബോളിൽ ഒരു ശരാശരി കളിക്കാരന് 35 വയസ്സ് കഴിഞ്ഞാൽ ആലോചിക്കാനാവുക തന്റെ റിട്ടയർമെൻറ് എങ്ങനെ വേണം , ഏത് ക്ലബ്ബിൽ വേണം എന്നൊക്കെയാകും. പക്ഷെ അയാൾ അങ്ങനെയല്ലായിരുന്നു!
ഇരുപതുകാരനെ പോലും വെല്ലുന്ന ഫിസിക്കുമായി ഫുട്ബോൾ ലോകത്ത് ഒരു മനുഷ്യൻ തൻറെ നാൽപ്പതുകളും കടന്ന് മുൻപോട്ട് ആയുമ്പോൾ, ഈ ഭൂഗോളത്തിലെ സർവ്വ ഫുട്ബോൾ ആരാധകരും മെസ്സിയുടെയും റൊണാൾഡോയുടെയും വിരമിക്കൽ കൗതുകത്തോടെ പ്രതീക്ഷിക്കുമ്പോൾ, എത്ര പേർ ആ മനുഷ്യന്റെ വിരാമത്തെക്കുറിച്ച് സങ്കൽപ്പിച്ചിരിക്കാം ?
ഗോൾ പോസ്റ്റിന് നേരെ അയാൾ തൊടുക്കുന്ന പന്ത് വല കുലുക്കാതെ പോകുന്നതിലും സാധ്യതക്കുറവുള്ള ആ തീരുമാനം കഴിഞ്ഞ ദിവസം സംഭവിച്ചു.
‘ഫുട്ബോളിൽ പ്രായം എന്നത് അടിച്ചു കൂട്ടിയ ഗോളുകൾ പോലെ വെറുമൊരു സംഖ്യയാണ്’
ഈ വാചകത്തിന് ഒരു ആൾരൂപം ഉണ്ടെങ്കിൽ അതാണ് സ്ലാട്ടൻ ഇബ്രഹമോവിച്ച്.
സാൻ സിറൊ സ്റ്റേഡിയത്തിൽ ആളുകളെ അഭിസംബോധന ചെയ്ത വിടവാങ്ങൽ പ്രസംഗത്തിൽ അയാൾ തന്റെ സ്വതസിദ്ധ ശൈലിയിൽ പറഞ്ഞത് ഇങ്ങെനെയായിരുന്നു “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ എന്നെ ഇനിയും കാണാം”. സ്ലാട്ടൻ അങ്ങനെയാണ് അപൂർവ്വമായ ആത്മവിശ്വാസത്തിനുടമ,താൻ ദൈവമാണെന്ന് അയാൾ ഇടക്കിടക്ക് വിളിച്ചു പറയുമായിരുന്നു.അമേരിക്കൻ ക്ലബ്ബായ എൽ.എ ഗാലക്സിയിൽ കളിക്കവെ ലോസ് ഏഞ്ചൽസിലെ തന്നെ ബാസ്ക്കറ്റ് ബോൾ ടീമായ എൽ.എ ലേക്കാർസിലേക്ക് എത്തിയ ‘കിങ്ങ്’ എന്നറിയപ്പെടുന്ന ലേ ബ്രോൺ ജെയിംസിനെ സ്വീകരിച്ച് കൊണ്ടുള്ള ട്വീറ്റിൽ അയാൾ എഴുതിയത് “ലോസ് ഏഞ്ചൽസിൻ ഇപ്പോൾ ഒരു ദൈവവും രാജാവും ഉണ്ട്” എന്നായിരുന്നു.
കളിക്കളത്തിനകത്തും പുറത്തും എപ്പോഴും സ്ലാട്ടൻ ഒന്നുകിൽ അട്ടഹസിക്കും അല്ലെങ്കിൽ ക്ഷുഭിതനായിരിക്കും അപൂർവ്വമായി പുഞ്ചിരിക്കും. പക്ഷെ “ഞാൻ നിങ്ങളോടല്ല ഫുട്ബോളിനോടാണ് വിട പറയുന്നത്” എന്ന് പറഞ്ഞപ്പോൾ അയാളുടെ തൊണ്ടയിടറി,കണ്ണു നിറഞ്ഞു. തൊട്ടു തലേ ദിവസം വരെ എനിക്ക് വിരമിക്കാൻ മനസ്സില്ല എന്ന് പറഞ്ഞ ദൈവം ബൂട്ടഴിച്ചുവെന്ന് അറിഞ്ഞവർ അറിഞ്ഞവർ വിതുമ്പി.
അയാളെ ആരാധകർ അത്രമേൽ നെഞ്ചോട് ചേർത്തിരുന്നു.നാല്പത്തിയൊന്നാം വയസ്സിലും തനിക്ക് വിരമിക്കാൻ മനസ്സില്ല എന്ന് പറയുന്ന സ്പോർട്സ്മാനെ ആർക്കാണ് ഇഷ്ടപെടാതിരിക്കാനാവുക.
1981 ഒക്ടോബർ 3ന് സ്വീഡനിലെ മാൽമൊയിൽ ജനിച്ച സ്ലാട്ടൻ ഇബ്രഹമോവിച്ച് എന്ന ആറടി അഞ്ച് ഇഞ്ചുകാരൻ,നിലവിൽ റൊസെൻഗാർഡ് എന്ന് അറിയപ്പെടുന്ന അന്നത്തെ മാൽമൊ ബെല്ലിന്റെ യൂത്ത് ടീമിൽ 1989 ൽ തന്റെ കരിയർ ആരംഭിച്ചു.
2012 നവംബർ 14 ന് ഇംഗ്ലണ്ടിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൻറെ ഇഞ്ചുറി ടൈമിൽ കൃത്യമായി പറഞ്ഞാൽ 32.45 വാര അകല നിന്നും ബൈസൈക്കിൾ കിക്കിലൂടെ നേടിയ ഗോൾ ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു.ആ ഗോൾ നേടിയ ശേഷം ഇംഗ്ലീഷ് പ്രസ്സിനെ വിമർശിച്ചു കൊണ്ട് അയാൾ പറഞ്ഞത് “2008 ലെ ചാസ്യൻസ് ലീഗ് ഫൈനലിൽ മെസ്സി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോൾ നേടിയപ്പോൾ ഇംഗ്ലീഷുകാർക്ക് അയാൾ ഏറ്റവും മഹാനായ കളിക്കാരനായി,ഇനി എന്നെ പറ്റിയും അങ്ങനെ വല്ലതും പറയുമായിരിക്കും.ഇംഗ്ലീഷുകാർ അവർക്കെതിരെ ഗോൾ നേടാത്തവരെ അംഗീകരിക്കാറില്ല” തന്റെ ഷോട്ടുകൾ പോലെ തന്നെയായിരുന്നു അയാളുടെ വാക്കും നോട്ടവും എല്ലാം.കളിക്കാർക്ക് മാത്രമല്ല മാധ്യമ പ്രവർത്തകർക്കും അയാളെ നേരിടാൻ പലപ്പോഴും ഭയമായിരുന്നു. ഗ്രൗണ്ടിന് അകത്ത് എത്ര വലിയ ഡിഫൻഡറാണെങ്കിലും ഒന്നു മുട്ടാൻ ഭയക്കുന്ന ശരീര പ്രകൃതം,ഗ്രൗണ്ടിന് പുറത്ത് എത്ര വലിയ മാധ്യമ പ്രവർത്തകനാണെങ്കിലും ഒന്നു കൂടി ചോദിക്കാൻ ഭയക്കുന്ന ഉത്തരങ്ങൾ.
1999ൽ സ്വീഡന്റെ അണ്ടർ 18 ടീമിൽ തന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങിയ സ്ലാട്ടൻ,2001ൽ തന്നെ സ്വീഡൻ സീനിയർ ടീമിലിടം നേടി.1999ൽ സ്വീഡിഷ് ക്ലബ്ബായ മാൽമൊ എഫ് എഫി ൽ നിന്ന് ആരംഭിച്ച ക്ലബ് കരിയറിൽ പല പ്രധാനപെട്ട ക്ലബ്ബുകളിലൂടെയും കടന്ന് പോയി.അയക്സ്,യുവന്റസ്,ഇന്റർ മിലാൻ,പിഎസ്ജി,എസി മിലാൻ, മാഞ്ചസ്റ്റർ യുണൈറ്റഡ്,ബാഴ്സലോണ,എൽ എ ഗ്യാലക്സി എന്നിവയാണ് ഈ നിര.ക്ലബ് കരിയറിൽ 637 കളികളിൽ 405 ഗോളുകളും,അന്താരഷ്ട്ര കരിയറിൽ 122 കളികളിൽ നിന്ന് 62 ഗോളുകളും നേടി.
എസി മിലാനിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്.എല്ലാക്കാലത്തും ഗോട്ട് ആരാണെന്ന തർക്കം ഫുട്ബോളിൽ നടന്നു കൊണ്ടേയിരിക്കും, പക്ഷെ സിംഹം ആരെന്നതിൽ തർക്കമില്ല ഒറ്റ പേര് “സ്ലാട്ടൻ ഇബ്രഹമോവിച്ച്”. വേട്ടയവസാനിപ്പിച്ച് ആ സിംഹം കലങ്ങിയ കണ്ണുകളോടെ മിലാൻ പുൽമൈതാനിയിലെ ടണലിലേക്ക് നടന്നു തുടങ്ങിയപ്പോൾ ഗ്യാലറിയിൽ ആരാധകർ ഉയർത്തിയ ബാനറിൽ എഴുതിയത് ഗോഡ് ബൈ എന്നായിരുന്നു,ദൈവമേ വിടയെന്ന്.
അയാൾ പറഞ്ഞത് പോലെ നമുക്ക് ഭാഗ്യമുണ്ടെങ്കിൽ ഇനിയും ദൈവത്തെ കാണാം.
അശ്വിൻ രാധാകൃഷ്ണൻ
The Younion Entertainments